മീനമാസത്തിലെ കാർത്തിക നക്ഷത്രം തൊട്ട് പൂരം നക്ഷത്രം വരെ ഒമ്പത് ദിവസമാണ് കോലത്ത് നാട്ടിൽ പൂരക്കാലം. മറ്റ് പ്രദേശങ്ങളിലും പൂരാഘോഷം ഉണ്ടെങ്കിലും ആഘോഷച്ചടങ്ങിലുള്ള വ്യതാസം മൗലികമാണ്. വസന്ത ഋതുവിലെ മധുമാസ പൗര്‍ണമിയാണ് പൂരം.
മീനമാസത്തിലെ കാർത്തിക നക്ഷത്രം തൊട്ട് പൂരം നക്ഷത്രം വരെ ഒമ്പത് ദിവസമാണ് കോലത്ത് നാട്ടിൽ പൂരക്കാലം. മറ്റ് പ്രദേശങ്ങളിലും പൂരാഘോഷം ഉണ്ടെങ്കിലും ആഘോഷച്ചടങ്ങിലുള്ള വ്യതാസം മൗലികമാണ്. വസന്ത ഋതുവിലെ മധുമാസ പൗര്‍ണമിയാണ് പൂരം.
ശരത്ക്കാല പൗര്‍ണമിയായ തിരുവോണം പോലെ പൂരവും ഒരു പൂക്കാലമാണ്. (മീനമാസത്തിലെ വെളുത്തപക്ഷ പ്രഥമ മുതൽ ഇടവത്തിലെ (വസന്തകാലം) അമാവാസി വരെ) മകരകൊയ്ത്തൊക്കെ കഴിഞ്ഞു ഒഴിഞ്ഞുകിടക്കുന്ന പാടങ്ങളിൽ വിത്ത് ഇറക്കേണ്ടുന്ന വിഷുവിന് തൊട്ടുമുമ്പുള്ള കാലമാണിത്. തെക്കേ ഇന്ത്യയിൽ ആകെ തന്നെ ഇതൊരു ഉത്സവകാലമാണ്.
പൂരക്കളിയും പൂരോത്സവുമെല്ലാം വസന്തോത്സവമാണ്. വസന്ത ഋതുവിലെ മധുമാസ പൗര്‍ണമിയാണ് പൂരം. വൃക്ഷങ്ങളും ലതകളും പൂക്കുന്ന കാലം. കാമദേവന്റെ മന്ത്രിയായ വസന്തത്തിന്റെ കാലം. കാമദഹന കഥയിൽ തപോനിഷ്ഠനായ ശിവന്റെ തപസ്സ് ഇളക്കാൻ തന്റെ സചിവനായ വസന്തത്തോടാപ്പൊമാണ് കാമദേവൻ തപോഭൂമിയിലേക്ക് പോകുന്നത്. അവിടെ വച്ച് ശിവന്റെ നിടിലാഗ്നിയിൽ കാമദേവൻ ദഹിക്കുന്നതും തുടർന്നുള്ള കഥകളുമാണ് വസന്തപൂജയിൽ പറയുന്നത്. ഈ കഥയനുസരിച്ച് പൂരോത്സവം ഒരു വസന്തോത്സവമാണ്.
പൂരോത്സവകാലത്ത് തീയ്യർ തുടങ്ങിയ ചില അവർണ്ണ സമുദായക്കാരുടെ സ്ഥാനങ്ങളിൽ ദേവീപൂജയായി ചെയുന്ന കളിയാണ് പൂരക്കളിയെങ്കിലും മറ്റു പല സ്ഥലങ്ങളിലും ഇത് കളിച്ചു വരുന്നു. കോലത്ത് നാട്ടിലെ വാണിയരും പൂരോത്സവത്തിൽ സജീവമായ പങ്കുവഹിക്കുന്നവരാണ്. അവർ പൂരക്കളി കളിക്കാരിലെങ്കിലും അവരുടെ മുച്ചിലോട്ടു കാവുകളിൽ മണിയാണിമാരെക്കൊണ്ട് പൂരക്കളി കളിപ്പിക്കാറുണ്ട്.പൂരക്കളിയുടെ ഈഷദ് ഭേദം മലയർക്കിടയിലുണ്ട്. മലയരുടെ “കോതാമ്മൂരി” എന്ന കലാപ്രകടനത്തിൽ രണ്ടു പണിയൻന്മാർ തമ്മിൽ പൂരക്കളിപ്പാട്ടുകൾ പാടി ചുവടുകളും വായ്ത്താരികളും ചേർത്ത് പ്രകടിപ്പിക്കാറുണ്ട്. വടകര പ്രദേശങ്ങളിൽ പൂരക്കളി ഒരു വിനോദം എന്ന നിലയിൽ മതപരമായ അനുഷ്ടാങ്ങൾ ഒന്നും തന്നെയില്ലാതെ പ്രദര്ശിപ്പിച് വരാറുണ്ട്. ലോകനാർക്കാവിൽ പൂരക്കളി ഒരു വഴിപാടായി നടത്താറുണ്ട്. ലോകനാർക്കാവിലെ പൂരക്കളയിൽ പങ്കെടുക്കാനുള്ള അവകാശം പുതുശ്ശേരി തറവാട്ടുകാർ തുടങ്ങി ഏതാനും നായർ തറവാട്ട്കാർക്ക് മാത്രമുള്ളതാണ്. ഈ നായർ തറവാട്ടുകാരുടെ കുടുംബം പേരാമ്പ്രക്കടുത്തു മടയങ്ങാട്, പാലേരി, കുനിയോട്, പന്നിക്കോട്ടുർ എന്നിവിടങ്ങളിലുണ്ട്. അവിടെയും അവർ പൂരക്കളി കൊണ്ടാടാറുണ്ട്. ഭഗവതി കാവിലെ ഉത്സവമായി ബന്ധപ്പെടുത്തിയാണ് ഇവിടെ പൂരക്കളി കളിക്കുന്നത്. ഇത് മകരത്തിലെ ചോതി മുതൽ കുംഭത്തിലെ ചോതിവരെ നീണ്ടുനിൽക്കുന്നു. പൂരവുമായി ഇതിനു യാതൊരു ബന്ധവുമില്ല. തങ്ങളുടെ ദേവിയുടെ പിറന്നാളെന്ന സങ്കല്പത്തിൽ ഉത്സവമായി കൊണ്ടാടുകയാണ്.ഇപ്പോൾ ദേവാലയങ്ങൾക്ക് പുറത്തു പൊതുവേദികളിലും പൂരക്കളിയും മറുത്തുകളിയും ധാരാളമായി നടത്തിവരുന്നു. കേരളത്തിലെ സ്കൂൾ കലോത്സവത്തിലും പൂരക്കളി ഇന്നു ഒരു മത്സരമായി മാറിയിരിക്കുകയാണ്.