പൂരക്കളി ചരിത്രം

പൂരക്കളി കളിക്കുന്ന സമുദായങ്ങൾ

പൂരകളിക്ക് ഏറ്റവും അധികം പ്രചാരം നേടിയത് തീയ്യ സമുദായത്തിലാണ്. തീയ്യർക്ക് പുറമെ മണിയാണികൾ, മുകയർ, കമ്മാളർ, ശാലിയ, മൂവാരികൾ എന്നീ അവർണ്ണരും അവരുടെ സ്ഥാനങ്ങളിൽ പൂരക്കളി കളിക്കുന്നുണ്ട്.

തീയ്യരെ ഈഴവർ, ചേകവർ, ബില്ലവർ എന്നിങ്ങനെ ഓരോ സ്ഥലങ്ങളിൽ ഓരോ പേരിലാണ് പറഞ്ഞു വരുന്നത്. മണിയാണിക്ക് കോലാൻ, എരുവാൻ, ആയൻ, മായൻ എന്നീ പേരുകളുമുണ്ട്. മുകയരും അവരുടെ ചില ക്ഷേത്രങ്ങളിൽ പൂരക്കളി കളിക്കുന്നുണ്ട്. കമ്മാളരിൽ അഞ്ചു വിഭാഗങ്ങളുണ്ട്. ആശാരി, തട്ടാൻ, കരുവാൻ, കൊല്ലൻ, ചെമ്പുട്ടി ഇവരിൽ ചിലരുടെയെങ്കിലും സ്ഥാനങ്ങളിൽ പൂരക്കളി കളിക്കുന്നുണ്ട്. ചായ്യോത്ത് ആശാരിമാരുടെ സ്ഥാനത്ത് നല്ല ഒരു പൂരക്കളി സംഘം നിലവിലുണ്ട്. പൂരക്കളി കളിക്കുന്ന മറ്റൊരു വിഭാഗമാണ് ശാലിയാർ. പയ്യന്നൂർ, വെള്ളൂർ, കരിവെള്ളൂർ എന്നീ ശാലിയ തെരുവുകളിൽ പൂരക്കളി നടക്കുന്നുണ്ട്. പൂരത്തിനിടയിലുള്ള ശാലിയ പൊറാട്ടുകൾ ഇവിടെ വളരെ പ്രസിദ്ധമാണ്. കാഞ്ഞങ്ങാട് മാവുങ്കാലിലും, കരിവെള്ളൂർ പാലത്തറയും മൂവാരികൾ പൂരക്കളി കളിക്കുന്നുണ്ട്.

പണിക്കർ

പൂരക്കളി സംഘത്തിന്റെ നേതാവാണ് പണിക്കർ. പണിക്കന്മാർ ഗുരുകുല സമ്പ്രദായത്തിൽ സംസ്കൃതവും, ശാസ്ത്രങ്ങളും, പൂരകളിയും പഠിച്ചവരായിരിക്കും. പൂരം തുടങ്ങുന്നതിന് ഒരു മാസം മുൻപ് തന്നെ പണിക്കരെ കൂട്ടിക്കൊണ്ടുവന്നു കളി അഭ്യസിക്കാൻ തുടങ്ങുന്നു. ഓരോ ക്ഷേത്രവും പ്രഗത്ഭരായ പണിക്കന്മാരെ കാലേകൂട്ടി അനേഷിച്ചു കണ്ടെത്തി കളി ഏൽപ്പിക്കുന്നു. കൂട്ടികൊണ്ടുവന്നാൽ പൂരം കഴിയും വരെ കുട്ട്യായികാരന്റെ വീട്ടിലായിരിക്കും പണിക്കരുടെ താമസം. മറുത്തുകളിയിലെ പാണ്ഡിത്യവിഭാഗമാണ് പണിക്കർ കൈകാര്യം ചെയുന്നത്. പട്ടും വളയും വിരുതും വീരശ്രംഖലയുമാണ് പണിക്കന്മാരുടെ ആചാരബിരുദങ്ങൾ. ഇതിൽ വിരുതും വീരശ്രംഖലയും ബിരുദാനന്തര ബിരുദമാണ്.

പണിക്കന്മാരുടെ പഴയ ചരിത്രം എന്ന് വേണ്ടത്ര ലഭ്യമല്ല. ആദ്യകാലത്തെ പ്രഗത്ഭരായിരുന്ന പണിക്കന്മാരായിരിന്നു കുണിയൻ ചൂരിക്കാടൻ പണിക്കന്മാർ. ഈയ്യക്കാട്ട് രാമൻ പണിക്കർ, പയ്യന്നൂർ തായമ്പത്ത് കണ്ണൻ പണിക്കർ തുടങ്ങിയവർ. ഇതിൽ തായമ്പത്ത് പണിക്കരും, ഈയ്യക്കാട്ട് രാമൻ പണിക്കാരുമാണ് മറുത്തുകളിയിൽ സംസ്കൃതവും ശാസ്ത്ര വിഷയങ്ങളും കൊണ്ടുവന്നത് എന്നാണ് പറഞ്ഞു കേൾക്കുന്നത്. അവരുടെ പിന്തലമുറക്കാരാണ് പ്രസിദ്ധമായ കീനേരി ശ്രീകണ്ഠൻ പണിക്കർ, മമ്പലം ടി.ടി.രാമൻ പണിക്കർ, കാഞ്ഞങ്ങാട് ശിരോമണി കുഞ്ഞിക്കോരൻ പണിക്കർ, പീലിക്കോട് വയലിൽ കുഞ്ഞിരാമൻ പണിക്കർ, കുണിയൻ കടിയാൻ കുഞ്ഞമ്പു പണിക്കർ, കടന്നപ്പള്ളി കുഞ്ഞിരാമൻ പണിക്കർ, കുഞ്ഞിക്കണ്ണൻ പണിക്കർ കടന്നപ്പള്ളി തുടങ്ങിയവർ. ഇതിൽ കീനേരി ശ്രീകണ്ഠൻ പണിക്കർ, ടി.ടി.രാമൻ പണിക്കർ, പീലിക്കോട് വയലിൽ കുഞ്ഞിരാമൻ പണിക്കർ എന്നിവർ പൂരകളിക്കും മറുത്തുകളിക്കും വേണ്ടി ധാരാളം കവിതകൾ എഴുതിയിട്ടുണ്ട്. അവരുടെ പിൻമുറക്കാരായിരുന്നു പണ്ഡിതാഗ്രേസരനായ രാമന്തളി എം.കൃഷ്ണൻ പണിക്കർ .(എ.എൻ.കൊടക്കാടിന്റെ ഗ്രൻഥത്തിൽ മിക്കവാറും പണിക്കന്മാരുടെ ലഘുജീവചരിത്രം വിവരിച്ചിട്ടുണ്ട് )

പൂരക്കളിയും കളരിയുമായുള്ള ബന്ധം

പണ്ടുകാലങ്ങളിൽ പൂരക്കളി കളിക്കുന്ന ക്ഷേത്രങ്ങളുടെ മേൽനോട്ടത്തിൽ തന്നെ കളരിയും നടത്താറുണ്ട്. വെള്ളൂർ, കുണിയൻ, കരിവെള്ളൂർ, അന്നൂർ, മാതമംഗലം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അത്തരം കളരികൾ ഉണ്ടായിരുന്നു.