പഠനക്രമം

പഠനക്രമം

സിദ്ധരൂപം, ഫലപ്രബോധം, ശ്രീരാമോദന്തം, ലഘുകൗമുദി, ശ്രീകൃഷ്ണവിലാസം എന്നിവയുടെ പഠനത്തിനുശേഷം പൂരക്കളി വിഷയങ്ങളും ഒപ്പം തർക്കസംഗ്രഹം, സിദ്ധാന്തകൗമുദി, കുവലയ നന്ദം, പ്രതാപരുദ്രീയിം, കാവ്യപ്രകാശം, രഘുവംശം, കുമാരസംഭവം, മാഘം, ശാകുന്തളം തുടങ്ങിയ കൃതികളും ജ്യോതിഷം, വേദാന്തം, പുരാണോതിഹാസങ്ങൾ മലയാള സാഹിത്യം തുടങ്ങിയവയും പണ്ഡിതന്മാരിൽ നിന്നും ഗ്രഹിക്കുന്നു.

മൂന്ന് വർഷത്തെയെങ്കിലും പഠനമാനനാഭ്യാസകൾക്കുശേഷമേ ഒരാൾക്കു മറുത്തുകളി രംഗത്ത് പ്രവേശിക്കാൻ സാധിക്കുകയുള്ളു. മറുത്തുകളി രംഗത്തേക്ക് വന്നതിനുശേഷം വർഷംതോറും അറിവിന്റെ വ്യാപ്തി വർധിപ്പിക്കേണ്ടതുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഏറെക്കാലത്തെ കഠിന പരിശ്രമംകൊണ്ട് രൂപപ്പെട്ടുവരുന്നതാണ് ഒരു പൂരക്കളി പണിക്കർ

കളിക്കാരുടെ എണ്ണം

പൂരക്കളിയിൽ കളിക്കാരുടെ എണ്ണത്തിന് കൃത്യമായ കണക്കൊന്നുമില്ല. ഇരുപത് മുതൽ നാൽപത് വരെ കളിക്കാറുണ്ടാകുന്നതാണ് ഏറ്റവും നല്ലത്. ചില പൂരക്കളി സംഘങ്ങളിൽ നാൽപ്പതിൽ അധികം അംഗങ്ങളുണ്ടാകാറുണ്ട്. ഓരോ കളിക്കാരും മറ്റു കളിക്കാരെ ആശ്രയിക്കാതെ സ്വതന്ത്രമായി കളിക്കുന്നത് കൊണ്ട് അംഗസംഖ്യ കൂടിയാലും കുറഞ്ഞാലും അത് കളിയെ ബാധിക്കുകയില്ല. സ്കൂൾ യുവജനോല്സത്തവത്തിലെ മത്സരത്തിന് 12 കളിക്കാർ എന്ന നിബദ്ധന വച്ചിട്ടുണ്ട്.

വേഷം

പൂരക്കളിക്കുള്ള വേഷം ചല്ലണവും ചുറയും ഉറുമാലയുമാണ്. ചുകന്ന പട്ടുടുത്ത് വെളുത്ത ചുറകൊണ്ടു കളരി മുറയിൽ കച്ചകെട്ടി അതിനുമുകളിൽ കറുത്ത ഉറുമാലയും കെട്ടുന്നതാണ് പൂരക്കളി വേഷം. തീയ്യ സമുദായം കറുത്ത ഉരുമലയാണ് കെട്ടുന്നത്. മണിയാണി, കമ്മാളർ തുടങ്ങിയ ഇതരസമുദായക്കാർ ഇളം ചുകപ്പ് നിറത്തിലോ ഉള്ള വരകളോടുകൂടിയ ഉറുമാലയുമാണ് കെട്ടുന്നത്. ചല്ലണവും ചുറയും ഉടുക്കുന്ന രീതിയിൽ പ്രാദേശികമായ ഭേദങ്ങൾ കാണാറുണ്ട്

സാമൂഹ്യ പശ്ചാത്തലം

കേരളചരിത്രത്തിലെ പല സംഗതികളും എന്ന പോലെ പൂരക്കളിയുടെ ഉൽപ്പത്തി, വികാസം, പരിണാമം എന്നിവയെക്കുറിച് നാടോടി കലകളുടെ വേരുകൾ ആഴ്ന്നിറങ്ങിയതായി കാണാം. അതുകൊണ്ട് ഒരർത്ഥത്തിൽ സമൂഹത്തിന്റെ ചരിത്രം തന്നെയാണ് ആ സമൂഹത്തിലെ നാടോടി കലകളുടെ ചരിത്രം. സമുദായത്തെ ഒന്നിപ്പിയ്ക്കുന്ന ക്ഷേത്ര സങ്കേതമായ സ്ഥാനവുമായി പൂരകളിയുടെ ഓരോ അംശത്തിനും അഭേദ്യമായ ബന്ധമുണ്ട്. ഒന്നിലധികം വ്യക്തികൾ പങ്കെടുക്കുന്ന കല എന്ന നിലയിലല്ല സമുദായത്തെ മുഴുവൻ ഒന്നിപ്പിക്കുന്ന ഒരനുഷ്ടാനം എന്ന നിലയ്ക്കാണ് ഈ ബന്ധം.സാമൂഹ്യഘടനയെ ആസ്പദമാക്കിയുള്ള വികാരങ്ങളെ നിയന്ത്രിക്കുകകയും നിലനിർത്തുകകയും ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്കു പ്രസരിപ്പിക്കുകയും ചെയ്യുക എന്നത് ഈ അനുഷ്ടാന കലയുടെ ധർമ്മമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഈ കലാരൂപത്തെ വടക്കെ മലബാറിലെ സാമൂഹ്യ പശ്ചാത്തലത്തിൽ നിന്നും വേറിട്ട് കാണാൻ കഴിയില്ല.