മറുത്തുകളി -വിഷയങ്ങൾ

മറുത്തുകളി -വിഷയങ്ങൾ

വന്ദനങ്ങൾ -I

മറുത്തുകളിക്കായി പണിക്കന്മ്മാർ ചൊല്ലുന്ന സ്തുതികളും ഇഷ്ടദേവതവന്ദനങ്ങളും മറ്റുമാണ് ഒന്നാം തരം വന്ദനങ്ങൾ

1 . അഭിവാദനവും താംബൂലദാനവും

ക്ഷേത്രക്കാരെ യഥോചിതം സ്വീകരിച്ചിരുത്തിയ ശേഷം മറുത്തുകളിയിൽ പണിക്കന്മാർ തമ്മിൽ ആദ്യമായി ഏറ്റുമുട്ടുന്ന വിഷയമാണ് അഭിവാദനം.

അവർ ശ്ലോകങ്ങൾ ചൊല്ലി പരസ്പരം അഭിവാദനം ചെയുന്നു. അതിനെപ്പറ്റിയുള്ള വാദപ്രതിവാദങ്ങളും നടത്തുന്നു. പിന്നീട് രണ്ടു പണിക്കന്മാരും താംബൂലം (വെറ്റില,അടക്ക) പരസ്പരം കൈമാറി മത്സര രംഗത്തേക്ക് കടക്കുന്നു. ദാനത്തെക്കുറിച്ചും മറ്റുമുള്ള പല ചർച്ചകളും ഈ അവസരത്തിൽ നടത്താറുണ്ട്. രണ്ടു ക്ഷേത്ര പൂരക്കളി സംഘങ്ങളെ പ്രതിനിധീകരിച്ചു ഓരോ കൂട്ടായിക്കാരും താംബൂലം കൈമാറുന്നു. അതിനു ശേഷമാണ് ദേവി-ദേവന്മാരെക്കുറിച്ചുള്ള സ്തുതിയും ഓരോ സ്ഥലത്തും കെട്ടിത്തൊഴയും.

2.ദേവി -ദേവ സ്തുതി

മറുത്തുകളി ദിവസം മാത്രം പണിക്കന്മാർ മറുത്തുകളി നടക്കുന്ന ക്ഷേത്രങ്ങളിലെ ദേവി -ദേവന്മാരെക്കുറിച്ച് മലയാളത്തിലും സംസ്കൃതത്തിലുമുള്ള പദ്യങ്ങൾ ചൊല്ലി സ്തുതിക്കുന്നു .ഇത് സ്വീകരണവും താംബൂലദാനവുമൊക്കെ കഴിഞ്ഞതിനു ശേഷം പട്ടുടുത്ത് ഉറുമാല കെട്ടി തയ്യാറായതിനു ശേഷമാണ് ചെയുന്നത്.

3 . രാശി

പൂരക്കളി രംഗമായ തിരുമുറ്റത്തെ പന്തലിലേക്ക് കിടക്കുന്നതാണ് രംഗപ്രവേശം . പണ്ടുകാലങ്ങളിലൊക്കെ രംഗത്തേക്ക് കടക്കുന്ന ശ്ലോകം ചൊല്ലി കടക്കുകയായിരുന്നു പതിവ് .പിന്നീട് ഇതിൽ ജ്യോതിശാസ്ത്രവും കടന്നുവന്നപ്പോൾ പന്തലിൽ ചുറ്റും പന്ത്രണ്ട് രാശികളെ കല്പിച്ച് ചില ക്ഷേത്രങ്ങളിൽ മേടം രാശിയിലും ചില ക്ഷേത്രങ്ങളിൽ കന്നി രാശിയിലും കടക്കുന്നു . രാശിയെക്കുറിച്ചും മറ്റു ജ്യോതിശാസ്ത്രത്തെക്കുറിച്ചും വിശദമായ ചർച്ച ഇവിടെ വച് നടത്താറുണ്ട് .

4 . നിര്യതി

പന്തലിൽ കടന്നതിനുശേഷം കന്നിമൂലയ്ക്ക് പ്രാധാന്യം കല്പിച്ചുകൊണ്ട് ശ്ലോകം ചൊല്ലി സ്തുതിച്ചു തെഴുന്നു .

5 .ദീപം

ദീപവന്ദന കഴിഞ്ഞശേഷം രണ്ടു പണിക്കന്മാരും കൂട്ടായിക്കാരും പടിപ്പുരയിൽ ഉപവിഷ്ടരായ കോയ്മമാർക്ക് വെറ്റിലടക്ക വെച്ച് അനുവാദം വാങ്ങുന്നു .

6 . വന്ദനങ്ങൾ

പിന്നീട് പണിക്കന്മാർ ഇഷ്ടദേവതാ വന്ദനത്തിനുള്ള ശ്ലോകങ്ങൾ ചൊല്ലുന്നു .മുൻകളി പണിക്കർ ആദ്യം ശ്ലോകം ചൊല്ലി അർത്ഥം പറയുന്നു .അപ്പോൾ പിൻ കളി പണിക്കർ തൻ്റെ ചോദ്യങ്ങൾ ഉന്നയിക്കുന്നു .പല വിഷയങ്ങളെക്കുറിച്ചും നീണ്ട ചർച്ചകൾ ഈ അവസരത്തിൽ നടക്കുന്നു. പിന്നീട്‌ പിൻ കളി പണിക്കർ ശ്ലോകം ചൊല്ലുകയും അർത്ഥം പറയുകയും ചെയുന്നു.അപ്പോൾ മുൻ കളി പണിക്കർ ചോദ്യങ്ങൾ ചോദിക്കുന്നു. ആദ്യകാലങ്ങളൊക്കെ ഗണപതി ,സരസ്വതി ,കൃഷ്ണ സ്തുതി.രേഖ ,നവാക്ഷരം നവവന്ദന തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ശ്ലോകങ്ങളാണ് അവതരിപ്പിക്കുന്നത് .ബ്രഹ്മം മായ (ശക്തി ) എന്നിവയെല്ലാം പിന്നീട് വന്നു ചേർന്നവയാണ്
ശക്തിശ്ലോകങ്ങൾ ആദ്യമായി അവതരിപ്പിച്ചത് തിരുത്തി കഴകങ്ങളിൽ വെച്ച് കുണിയൻ ശ്രീകണ്ഠൻ പണിക്കരും ,കാഞ്ഞങ്ങാട് ശിരോമണി കോരൻ പണിക്കാരുമാണെന്ന് ആണ് പറഞ്ഞു കേട്ടത് .പിന്നീട് ബ്രഹ്മത്തെക്കുറിച്ചുള്ള ശ്ലോകങ്ങളും ചൊല്ലാൻ തുടങ്ങി .

രേഖ

പണ്ട് കാലങ്ങളിൽ താളിയോല ഗ്രന്ഥങ്ങളിൽ എഴുതാൻ തുടങ്ങുമ്പോൾ ആദ്യം ഒരു വര വരച്ചുകൊണ്ടാണ് തുടങ്ങുക .ഈ വരയെയാണ് രേഖ എന്ന പേരിൽ സ്തുതിക്കുന്നത് .

നവാക്ഷരം

(ഹരിഃ ശ്രീ ഗണപതയേ നമഃ )ഇതിൽ ഓരോ അക്ഷരത്തെക്കുറിച്ചും ശ്ലോകം ചൊല്ലി സ്തുതിക്കുന്നു .ഹരി എന്ന് ഒരക്ഷരമായെടുത്തു ബാക്കിയുള്ള അക്ഷരങ്ങൾ എട്ടും കൂടി നവാക്ഷരങ്ങളാക്കി സ്തുതിക്കുന്ന രീതിയാണ് ഇവിടെ തുടർന്ന് വരുന്നത്

നവവന്ദന

ഗുരു അണ്ഡാജാസ്ഥാനകരംഗകശാ
ലോകാശ്ചഭൂത സ്തുതികയമനാൻ
ഏതാൻ സമസ്തനാഹമദ്യവന്ദേ
സമസ്തസുവിദ്വജ്ജന സംസതീവ

എന്ന് ഒരുമിച്ചും ഓരോന്നിനും പ്രത്യേകം പ്രത്യേകമായും ശ്ലോകം ചൊല്ലി സ്തുതിക്കുന്നു.മായ ,രേഖ ,നവാക്ഷരം ,നവവന്ദനങ്ങൾ തുടങ്ങിയവയൊക്കെ ഇന്ന് വളരെ വിരലമയെ ചൊല്ലാറുള്ളു .

ശക്തി

ഇന്നു മറുതുകളിയിൽ ഏറ്റവും പ്രധാനമായ വന്ദനയാണ് ശക്തിവന്ദന ,സൗന്ദര്യ ലഹരി ,ആനന്ദലഹരി ,ശ്രീപാത സപ്തതി ,മൂകപഞ്ച ശതി മുതലായ പുസ്തകങ്ങളിലെ അതിപ്രശസ്തങ്ങളായ ശ്ലോകങ്ങൾ അവതരിപ്പിച്ച് അവയെക്കുറിച്ച് വിശദമായ ചർച്ച നടത്തുന്നു. ചില പൂരക്കളി ആചാര്യന്മാർ പൂരക്കളിക്ക് വേണ്ടി പ്രത്യേകം എഴുതിയ പദ്യങ്ങളും അവതരിപ്പിക്കുന്നു.

ഗണപതി,സരസ്വതി,കൃഷ്ണസ്തുതി

മുൻകാലങ്ങളിൽ ഈ സ്തുതികൾക്കായിരുന്നു പ്രാധാന്യം .എന്നാൽ ഇപ്പോൾ ബ്രഹ്മം ,ശക്തി എന്നിവയെല്ലാം ചൊല്ലിയതിനു ശേഷം ഗണപതി ,സരസ്വതി ,കൃഷ്ണസ്തുതികൾ ഓരോ ശ്ലോകം മാത്രം ചൊല്ലുന്ന പതിവാണ് കാണുന്നത് .

7 . ശാസ്ത്രങ്ങൾ

പള്ളിയറ ശാസ്ത്രം

ശാസ്ത്രങ്ങളിൽ വളരെ പ്രധാനം .പള്ളിയറപണിയെ കുറിച്ചും മറ്റുമാണ് ഈ ശാസ്ത്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .

വാസ്തുപൂജ

പള്ളിയറ ശാസ്ത്രത്തോടൊപ്പം തന്നെ വാസ്തുപൂജയും ചൊല്ലുന്നു

വസന്തപൂജ

പൂരോൽതസവത്തെക്കുറിച്ചും പൂരക്കളിയെക്കുറിച്ചും പ്രതിപാദിക്കുന്ന ശാസ്ത്രമാണ് വസന്തപൂജ. ശിവന്റെ നിദിലേക്ഷണത്തിൽ ചാമ്പലായി തീർന്ന കാമദേവനെ പുനർജനിപ്പിക്കാൻ ശിവന്റെ നിർദ്ദേശപ്രകാരം രതി തുടങ്ങിയ ദേവസ്ത്രീകൾ ചൈത്രാദിത്യനായ വിഷ്‌ണുവിനെ സ്തുതിച്ചുകൊണ്ട് പടിയാടിക്കളിച്ച കളിയാണ് പൂരക്കളി എന്നാണ് അതിലെ കഥ.

നാൽപ്പത്തീരടി

സാക്ഷാൽ പള്ളയറയ്ക്കു മുൻപിലുള്ള നാൽപ്പത്തീരടി പന്തലാണ് പൂരക്കളിയുടെയും മരുത്തുകളിയുടെയും രംഗം. ആ പന്തലിനെക്കുറിച്ചും രംഗത്തെക്കുറിച്ചുമുള്ള വർണ്ണനയാണ് നാൽപ്പത്തീരടി ശാസ്ത്രം. പണ്ട് ഇതിന് വളരെ പ്രാധാന്യ൦ കൽപ്പിച്ചിരുന്നു. നാദരൂപം, വേദാപുരി, കാലക്രമം, ശരീരാകൃതി, പഞ്ചീകരണ൦, ദക്ഷയാഗം തുടങ്ങിയ ശാസ്ത്രങ്ങൾ എല്ലാം ഇന്നു അന്യ൦നിന്നു പോയവയാണ്. ശരീരാകൃതിയും പഞ്ചീകരണവും യോഗി ശാസ്ത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

മേരുവിസ്താരം

ഭാഗവതം പഞ്ചമസ്കന്ധത്തിലെ ഭൂലോകവർണ്ണനയും മേരുവർണ്ണനയുമാണ് ഈ ശാസ്ത്രത്തിലെ പ്രതിപാദൃ൦. ഇത് ഇന്നും അണീക്കര പോലുള്ള ക്ഷേത്രങ്ങളിൽ ചൊല്ലിവരുന്നു.

കാളിയമർദനം

കാളിയ മർദ്ദനം എന്ന പേരിൽ ഒരു ശാസ്ത്രവും പണ്ടുകാലങ്ങളിൽ ചൊല്ലിയതായി കേട്ടിട്ടുണ്ട്.

8. രണ്ടന്തരം വന്ദനകൾ

പണിക്കന്മാർ സ്തുതിരൂപങ്ങളായ ശ്ലോകങ്ങളും വന്ദനകളും ശാത്രങ്ങളുമൊക്കെ ചൊല്ലിയതിനുശേഷം പൂരക്കളിക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വന്ദനകളാണ് രണ്ടാംതരം വന്ദനകൾ.

8. രണ്ടന്തരം വന്ദനകൾ

പണിക്കന്മാർ സ്തുതിരൂപങ്ങളായ ശ്ലോകങ്ങളും വന്ദനകളും ശാത്രങ്ങളുമൊക്കെ ചൊല്ലിയതിനുശേഷം പൂരക്കളിക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വന്ദനകളാണ് രണ്ടാംതരം വന്ദനകൾ.

ഓംകാരം (പ്രണവം)

ഓംകാരത്തെക്കുറിച്ച് ശ്ലോകം ചൊല്ലുന്നു.
ഉദാ:- ഓം കാര പ്രതിപാദിതാക്ഷര വിഭാഗോത്ഭാസ്യമാനസ്വഭൂ
കൈലാസാധിപശക്തി സാധിത മഹാലീലാവിശേഷാദികം
ഉക്ത്വാഗദ്യഭരേണയല്‍ സവിനയംപ്രോച്ചാരയേപൃത്രത:
ശൃണ്വന്താം വിബുധാസസ്ത്വനന്യ ഹൃദയാഃ ശാസ്ത്രാബ്ധിപാരംഗതാ:

പണിക്കന്മാരും കളിക്കാരും പന്തലില്‍ തൂണിനു ചുറ്റും നിന്ന് കണ്ണടച്ച് ഓംകാരം മൂളുന്നു. മന്ത്രധ്വനിയോടൊപ്പം പ്രത്യേക തരത്തില്‍ മൂന്ന് തവണ ചുവടുവെച്ച ശേഷം നാരായണാ…. നാരായണ എന്ന് മൂന്ന് തവണ വളരെ രാഗത്തില്‍ പാടിക്കൊണ്ട് പൂരക്കളി തുടങ്ങുന്നു.

9. ഒന്നു മുതല്‍ പതിനെട്ടു വരെ കളികള്‍ (പൂരമാല)

ഇതിനെ പതിനെട്ടു നിറങ്ങള്‍ എന്നുപറയുന്നു. വളരെ വിദഗ്ദമായി ചിട്ടപ്പെടുത്തിയതാണ് ഇവയോരോന്നും. പൂവാളി തുടങ്ങിയുള്ള 18 രാഗങ്ങളില്‍ സമ്പൂര്‍ണ്ണം, അപുടം, ഷഡവം എന്നീ മൂന്ന് ശ്രുതികളില്‍ നേരംഗം, ആദിനേരംഗം, ഈരടി, നാലടി വട്ടം, ഇരുകാല്‍ നടനം എന്നീ അഞ്ച് നടനക്രമത്തില്‍ ചതുരശ്രം, തിസ്രം, മിശ്രം, ഖണ്ഡം, സംക്രം എന്നീ അഞ്ച് താളക്രമത്തില്‍ വളരെ ഭംഗിയോടെ ചിട്ടപ്പെടുത്തിയവയാണ് ഈ നിറങ്ങളൊക്കെ. 1 മുതല്‍ 7 വരെ നാരായണ പദം കൊണ്ടു തുടങ്ങുന്നവയും 8 മുതല്‍ 12 വരെ നമൊ നാരായണനമൊ നാരായണ പദം കൊണ്ടു തുടങ്ങുന്നവയും 13 മുതല്‍ 18 വരെ ഹരിനമൊ എന്നു തുടങ്ങുന്നവയും ആകുന്നു. ഇവയില്‍ 4ഉം 5ഉം നിറങ്ങള്‍ മാത്രമാണ് വന്‍കളികളായിട്ടുള്ളവ. ഇവയില്‍ ഓരോന്നിലും പത്തോളം ചുവടുകള്‍ ഉണ്ടാകാറുണ്ട് . 18 നിറങ്ങളില്‍ 17ഉം, 18ഉം ഒരുമിച്ച് കളിക്കുന്നവയാണ്. ഇവയ്ക്ക്-ഗണപതി പൂരമാല എന്നും പേരുണ്ട് . ക്ഷേത്രാരാധനയില്‍ വളരെ പ്രാധാന്യമുള്ള അനുഷ്ഠാന പ്രധാനമായ കളിയാണ് ഇത്. 18-ാം നിറത്തില്‍ അതതു ക്ഷേത്രങ്ങളിലെ ദേവീ-ദേവന്മാരെയൊക്കെയാണ് സ്തുതിക്കുന്നത്. പന്തലില്‍ പൊന്നുവെക്കല്‍, കളിമാറല്‍, കഴകംകയറല്‍, മറുത്തുകളി എന്നീ വിശേഷദിവസങ്ങളില്‍ മാത്രമെ 18-ാം നിറം വരെ
കളിക്കാറുള്ളു.

10. വന്‍കളികള്‍

ഗണപതിപ്പാട്ട്

തുടക്കത്തില്‍ പല്ലവം പാടി താളം പറഞ്ഞുകൊണ്ട് കുറേനേരം കളിക്കുന്നു. മൂന്ന് തരത്തില്‍ ചുവടുകള്‍ കളിക്കുന്നു. ഗണപതി, സരസ്വതി, കൃഷ്ണസ്തുതി എന്നിങ്ങനെയാണ് മൂന്നു തരത്തിലുള്ള ചുവടുകള്‍. അതിനുശേഷം അതിനോടനുബന്ധിച്ചുള്ള ചിന്തുകളും കളിക്കുന്നു. ചിന്തുകളിലും ഗണപതിയെക്കുറിച്ചും കൃഷ്ണനെക്കുറിച്ചും മറ്റുമുള്ള വിവരണങ്ങളായിരിക്കും.

രാമായണം (ഒറ്റ, ഇരട്ട)

വന്‍കളിയില്‍ കായിക പ്രാധാന്യമുള്ള കളിയാണ് രാമായണം. ഇതില്‍ രണ്ട് വിഭാഗമുണ്ട്. ഒറ്റയും ഇരട്ടയും. ഒറ്റ പല്ലവി നിന്നു പാടിക്കൊണ്ട് പിന്നീട് ചുവടിലേക്ക് കടക്കുന്നു. എന്നാല്‍ ഇരട്ടയില്‍ പല്ലവി (പല്ലവം) ഗണപതിപ്പാട്ടിന്‍റെ രീതിയില്‍ താളം പറഞ്ഞ്  കൊട്ടിക്കളിക്കുന്നു. ഇത് കുറേ അധികം നീണ്ടു നില്‍ക്കും. അതിനു ശേഷമാണ് ചുവടിലേക്ക് കടക്കുന്നത്.  രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിവയിലെ കഥകളാണ് ഇരട്ടയില്‍ പ്രതിപാദിക്കുന്നത്.  ഒറ്റയില്‍ രാമായണത്തിലെ ഏതു കഥയും എടുക്കാറുണ്ട്. രാമായണം കളിക്ക് ശേഷം രാമായണം കഥ ഉള്‍പ്പെടുന്ന ചിന്തുകളും കളിക്കുന്നു.അങ്കം, പട, ചായല്‍, കാമന്‍പ്പാട്ട് ഇവയെല്ലാം തുരുത്തി കഴകം, കുറുവന്തട്ട തുടങ്ങിയ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മാത്രം കളിക്കുന്ന കളികളാണ്.

ഭാരതം കളി

ഈ പേരിലും ഒരു കളി പണ്ടുകാലത്ത് ഉണ്ടായിരുന്നു എന്നുപറഞ്ഞു കേട്ടിട്ടുണ്ട്. മഹാഭാരതം കഥകള്‍ അവലംബമാക്കിയിട്ടുള്ള കളിയാണ് ഇത്.

11. നാടകവിഷയങ്ങള്‍

വന്‍കളികള്‍ക്കുശേഷം പണിക്കന്മാരുടെ മറുത്തുകളി തുടങ്ങുകയായി. രാത്രി വിഷയം നാടകവും യോഗിയുമാണ്. അതില്‍ നാടകസംബന്ധിയായ ശാസ്ത്രങ്ങളാണ് ആദ്യം പദ്യരൂപത്തില്‍ അവതരിപ്പിക്കുന്നത്.

ഹാലാസ്യം

പണ്ടുകാലങ്ങളില്‍ ചൊല്ലി വന്ന ശാസ്ത്രമാണിത്. ഹാലാസ്യ പുരാണത്തിലുള്ള കഥ ശ്ലോക രൂപേണ അവതരിപ്പിച്ച് അര്‍ത്ഥം പറയുകയും വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇന്ന് ഈ ശാസ്ത്രം ചൊല്ലിക്കേള്‍ക്കാറില്ല.

യോഗസൂത്രം (യോഗനൂല്)

ഇതും നാടകസംബന്ധിയായ ശാസ്ത്രമാണ്. നാടകത്തില്‍ യോഗവും കലര്‍ത്തിക്കൊണ്ടുള്ള ശാസ്ത്രമാണിത്. വളരെ അടുത്ത കാലത്ത് വരെ യോഗസൂത്രശ്ലോകങ്ങള്‍ ചൊല്ലാറുണ്ടായിരുന്നു.

ഭരതശാസ്ത്രം (ഭരതം)

ഭരതമുനിയുടെ കഥയാണ് ഭരതശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നത്.

നാട്യശാസ്ത്രം

യോഗസൂത്രവും ഭരതശാസ്ത്രവും എല്ലാം ചൊല്ലുന്നതിനു പകരം നാട്യശാസ്ത്രം എന്ന ഒറ്റ വിഷയമാണ് ഇന്ന് എല്ലാ സ്ഥലങ്ങളിലും ചൊല്ലിവരുന്നത്. ഭരതന്‍റെ നാട്യശാസ്ത്രത്തിലെ ഒന്നാം അദ്ധ്യായമായ നാട്യോല്‍പ്പത്തി കഥയാണ് ഇവിടെ വിവരിക്കുന്നത്. ഈ ശാസ്ത്രം ആദ്യമായി മറുത്തുകളി രംഗത്ത് അവതരിപ്പിക്കാന്‍ ശ്ലോകങ്ങള്‍ രചിച്ചത്. ശ്രീ.മമ്പലം ടി.ടി.രാമന്‍ പണിക്കര്‍ അവര്‍കളാണ്. അദ്ദേഹത്തിന്‍റെ ശിഷ്യന്‍ രാമന്തളി എം.കൃഷ്ണന്‍ പണിക്കര്‍ക്ക് വേണ്ടിയാണ് അദ്ദേഹം നാട്യോല്‍പത്തി രചിച്ചത്. പിന്നീട് കുണിയന്‍ കീനേരി ശ്രീകണ്ഠന്‍ പണിക്കര്‍, പിലിക്കോട് വയലില്‍ കുഞ്ഞിരാമന്‍ പണിക്കര്‍ തുടങ്ങിയവരെല്ലാം നാട്യോല്‍പ്പത്തി ശ്ലോകങ്ങള്‍ രചിച്ചു. അങ്ങിനെയാണ് മറുത്തുകളിയില്‍ നാട്യോല്‍പ്പത്തി സാര്‍വ്വത്രികമായിത്തീര്‍ന്നത്.

ചിദംബരം

വ്യാഘ്രപദഞ്ജലി മഹര്‍ഷിമാര്‍ക്ക് ശാപംമൂലമുണ്ടായ കന്മഷം തീര്‍ക്കാന്‍ വേണ്ടി അവര്‍ ശിവനെക്കുറിച്ച് കഠിനമായ തപസ്സ് ചെയ്തു. തപശ്ശക്തികൊണ്ട് സര്‍വ്വചരാചരങ്ങള്‍ക്കും താപം അനുഭവിച്ചപ്പോള്‍ സൂര്യചന്ദ്രന്മാര്‍ ശിവന്‍റെ സമീപം ചെന്ന് താപമകറ്റാന്‍ വ്യാഘ്രപജഞ്ജലിമാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടണം എന്ന് അപേക്ഷിക്കുന്നു ശിവന്‍ പ്രത്യക്ഷപ്പെട്ട് എന്തു വരം വേണമെന്ന് ചോദിച്ചപ്പോള്‍ അങ്ങയുടെ നാട്യം കാല്‍ മാത്രമെ ഞങ്ങളുടെ കന്മഷം തീരു, അതുകൊണ്ട് ഭഗവാന്‍ ഞങ്ങള്‍ക്കുവേണ്ടി നടിക്കണം എന്നു പറഞ്ഞു. ശിവന്‍ വിഷ്ണുവിനോട് ഒരു ശാല തീര്‍ത്തുതരണമെന്ന് പറഞ്ഞു. വിഷ്ണു ദേവശില്പിവരനെ വരുത്തി ചിദംബരത്തില്‍ അതിവിശാലമായ നാടകശാല പണികഴിപ്പിച്ചു. ആ നാടകശാലയില്‍ വെച്ച് ശിവന്‍ നാടകം നടിച്ചു. ഈ കഥയാണ് ചിദംബര ശാസ്ത്രം.

മലയാള ശാസ്ത്രങ്ങള്‍

നാട്യോല്‍പ്പത്തി, ചിദംബരം മുതലായവ സംസ്കൃത പദ്യരൂപത്തില്‍ അവതരിപ്പിച്ചതിനു ശേഷം മലയാളവൃത്തത്തില്‍ ചിദംബരശാസ്ത്രം, ശാല തീര്‍ക്കല്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചൊല്ലുന്നു.

12. ശൈവകൂത്തുകള്‍

ശിവഭ്രാന്ത്

ഉത്ഭവം:-

നാടകം നടിക്കല്‍ തുടങ്ങുന്നതിനു മുമ്പ് 15 ശൈവനാടകങ്ങളില്‍ ഒന്നാമത്തെ ശിവഭ്രാന്തിന്‍റെ ഉല്‍ഭവകഥ മലയാള വൃത്തത്തില്‍ ശാസ്ത്രരൂപത്തില്‍ അവതരിപ്പിക്കുന്നു. ശിവപാര്‍വ്വതിമാര്‍ കാട്ടില്‍ നായാട്ടിനു പോയപ്പോള്‍ കാമാതുരനായ ശിവന്‍ വൃക്ഷരൂപവും പാര്‍വ്വതി ലതാ രൂപവും കൈകൊണ്ട് ക്രീഡചെയ്തുവെന്നും അതിലുണ്ടായ ഫലം മുളര്‍ച്ച് വളര്‍ന്നുണ്ടായതാണ് കല്‍പ്പക വൃക്ഷമെന്നും (തെങ്ങ്) പറയുന്നു. കുറേ കാലത്തിനുശേഷം ശിവപാര്‍വ്വതിമാര്‍ വീണ്ടും കാട്ടിലേക്ക് വന്നപ്പോള്‍ ഈ കല്പകവൃക്ഷത്തിന്‍റെ ചുവട്ടില്‍ നിന്നും വരുന്ന സുരയെ കണ്ടു. ശിവന്‍ സുര കോരികുടിച്ച് മത്തനായി വരുന്നത് കണ്ട പാര്‍വ്വതി കല്പകവൃക്ഷത്തിന്‍റെ ചുവട്ടില്‍ ചെന്ന് സുരയെ കൈകൊണ്ട് തടവി വൃക്ഷത്തിന്‍റെ കുലയില്‍ സൂക്ഷിക്കുവാന്‍ നിര്‍ദ്ദേശിച്ചു. ശിവന്‍ വീണ്ടും സുരാപാനം ചെയ്യാന്‍ വന്നു നോക്കിയപ്പോള്‍ ചുവട്ടില്‍ അതിനെ കാണാത്തത് കാരണം മനസ്സിലാക്കി തന്‍റെ തിരുജഡ തിരുകി തുടയില്‍ അടിച്ച് ഒരു പുരുഷനെ സൃഷ്ടിച്ചു. അവന് ദിവ്യന്‍ എന്ന പേരു നല്‍കി. അവനോട് തെങ്ങിന്‍റെ മുകളില്‍ കയറി കുലയില്‍ സൂക്ഷിച്ച സുരയെ എടുത്തു കൊടുക്കുവാന്‍ നിര്‍ദ്ദേശിച്ചു. അതുപ്രകാരം അവന്‍ സുര എടുത്തു കൊടുത്തു. ശിവന്‍ സുരാപാനം ചെയ്ത് മത്തനായി നടിച്ച നാടകമാണ് ശിവഭ്രാന്ത് എന്നാണ് കഥ. ആ ദിവ്യന്‍റെ പരമ്പരയാണ് തിയ്യര്‍ എന്നാണ് കഥ. ഈ കഥയാണ് ശിവഭ്രാന്ത് നാടകത്തിന്‍റെ ഉത്ഭവമായി പറയുന്നത്. ശിവന്‍ ചിദംബരശാലയില്‍ നിന്ന് 15 നാടകങ്ങളും പാര്‍വ്വതി 49 നാടകങ്ങളും നടിച്ചു. ഇങ്ങനെ ആകെ 64 നാടകങ്ങളാണ് പൂരക്കളി മറുത്തുകളിയില്‍ അവതരിപ്പിച്ചിരുന്നത്. പഴയ പണിക്കന്മാര്‍ ഈ 64 നാടകങ്ങളും നടിക്കാറുണ്ടായിരുന്നു.