പൂരക്കളി ആചാരങ്ങൾ

പൂരക്കളി ആചാരങ്ങൾ

പൂരംകുളി: പൂരോത്സവത്തിന്റെ സമാപനച്ചടങ്ങാണ് പൂരംകുളി. പൂരക്കളിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും പൂരംകുളി നടപ്പുണ്ട്. പൂരം നാളിൽ സ്ഥാനികരെല്ലാം ഈ ചടങ്ങിൽ പങ്കെടുക്കുന്നു. പണിക്കന്മാരും കളിസംഘത്തിലെ അംഗങ്ങളും കച്ചകെട്ടി ഇഷ്ടദേവതാ വന്ദനവും പൂരമാലയും നിർവ്വഹിച്ചതിനു ശേഷം ആണ്ടും പള്ളു൦ അവതരിപ്പിക്കുന്നു.

ആണ്ടും പള്ളു൦ പൊലിപ്പാട്ടും പാടി, കളി അവസാനിപ്പിക്കുന്നു. പിന്നീട് പൂരംകുളി ചടങ്ങുകൾ ആരംഭിക്കുകയായി. തിടമ്പും തിരുവാഭരങ്ങളും പൂജാപാത്രങ്ങളും വഹിച് വാദ്യസമേധം സ്ഥാനത്തെ കുളക്കടവിൽ എത്തിച്ചേരുന്നു. തിടമ്പും തിരുവാഭരങ്ങളും പൂജാപാത്രങ്ങളും പ്രാധാന്യമനുസരിച്ചു ജലശുദ്ധി വരുത്തിയതിനുശേഷം സ്ഥാനികരും പരിവാരങ്ങളും പൂരംകുളിക്കുന്നു. സ്നാന ശുദ്ധിക്ക് ശേഷം തിടമ്പുകളൊക്കെ അലങ്കരിച്ചു ആർഭാടത്തോടെ എഴുന്നള്ളിച്ചു പള്ളിയറയിൽ കൊണ്ടുവച്ചു പൂജിക്കുന്നു. പൂരം കുളിച്ചു മാടം കയറുക എന്നാണ് ഈ ചടങ്ങിനു പേര്.

പൂരം വീടുകളിൽ

പൂരം വീടുകക്ഷേത്രങ്ങളിലൊക്കെ പൂരോത്സവം ആഘോഷിക്കുന്നത് പോലെ വീടുകളിലും പൂരോത്സവം ആഘോഷിക്കുന്നുണ്ട്. മീനമാസത്തിലെ കാർത്തിക തുടങ്ങിയിട്ടുള്ള ദിവസങ്ങളിൽ കന്യകമാർ വീടുകളിൽ കാമൻറെ രൂപം ഉണ്ടാക്കിവച്ചു പൂവിട്ട്‍ പൂജിക്കുന്നു. പൂരം ദിവസം വൈകുന്നേരം പൂജാമുറിയിൽ നിന്നും കാമരൂപങ്ങളും അതുവരെ പൂജിച്ചു അർപ്പിച്ച പൂക്കളൊക്കെ വാരിയെടുത്തു ദൂരെ ഏതെങ്കിലും വൃക്ഷച്ചുവട്ടിൽ വച്ച് കാമനെ അയക്കുന്ന ഒരു സമ്പ്രദായം വീടുകളിലൊക്കെയുണ്ട്. നേരത്തെ കാലത്തെ വരണേ കാമാ,എന്ന പ്രാർഥനയോടെയാണ് കാമനെ അയക്കുന്നത്. ആ ദിവസം ഉണക്കലരി കൊണ്ടുള്ള പൂരച്ചോറും തവിടുകൊണ്ടുള്ള അടയും നിവേദിക്കാറുണ്ട്. ഇത് കാർഷിക സംസ്‌കൃതിയെ സൂചിപ്പിക്കുന്നു.