പുരാതനകാലത്ത് ഏഴിമല മൂഷികരാജാക്കന്മാരും അവരെത്തുടർന്നു കോലസ്വരൂപക്കാരും വാണു പോന്ന കേരളവിഭാഗമാണ് കോലത്ത് നാട്. ഇത് തെക്ക് കോരപ്പുഴ മുതൽ വടക്ക് നേത്രാവതി നദി വരെയുള്ള സ്ഥലമാണ്. ഈ കോലത്ത് നാട്ടിൽ വസന്ത കാലത്ത് അരങ്ങേറി കളിച്ചു വന്ന ഒരു ഗ്രാമീണ കലയാണ് പൂരക്കളി. കേരളത്തിലെ മറ്റു പ്രദേശങ്ങളിലും പൂരാഘോഷങ്ങൾ നടത്താറുണ്ടെങ്കിലും പൂരക്കളി കോലത്ത് നാട്ടിൽ മാത്രമാണ് നടത്തി വരുന്നത്. കാസറഗോഡ് ജില്ലയിലെ കാസറഗോഡിന് തെക്കുള്ള പ്രദേശങ്ങളും കണ്ണൂർ ജില്ലയും, കോഴിക്കോട് ജില്ലയുടെ വടക്കുഭാഗമായ ലോകനാർക്കാവിന്റെ പരിസര പ്രദേശങ്ങളിലും അടങ്ങിയ സ്ഥലങ്ങളാണ് പൂരക്കളി കളിക്കുന്ന സ്ഥലങ്ങൾ. പ്രാദേശിക മാറ്റങ്ങൾ ഈ സ്ഥലങ്ങളിലെ കളികളിൽ കാണാൻ കഴിയും.