പൂരക്കളി ചടങ്ങുകൾ

പൂരക്കളി ചടങ്ങുകൾ

സമൂഹത്തിലെ വിവിധതലത്തിലുള്ള അംഗങ്ങൾക്ക് ആസ്വദികത്തക്ക നിലയിലാണ് പൂരക്കളി സംവിധാനം ചെയ്തിട്ടുള്ളത്. പണ്ഡിതന്മാർക്കും പാമരന്മാർക്കും ഒരു പോലെ ആസ്വദിക്കാനുള്ള വക ഇതിലുണ്ട്. വിനോദത്തോടൊപ്പം വിജ്ഞാനവും നൽകാനുള്ള അപരാശക്തി ഇതിൽ അടങ്ങിയിരിക്കുന്നു.

ഇതിലെ ചടങ്ങുകളെല്ലാം അനുഷ്ടാനപരമായ ഒരു സൂത്രത്തിൽ കൊരുത്തിരിക്കുന്നു.പണിക്കരെ നിശ്ചയിക്കൽ, കൂട്ടികൊണ്ടുവരൽ, പന്തലിൽ ദൈവത്തറയുണ്ടാക്കൽ, തുമ്പപ്പൂവിടൽ, കെട്ടിത്തൊഴൽ, പന്തലിൽ കളി എന്നിവയാണ് ആദ്യദിവസത്തെ ചടങ്ങുകൾ. പിന്നീടുള്ള ദിവസങ്ങളിൽ പന്തലിൽ വെച്ച് പൂരക്കളി പരിശീലിക്കുന്നു. പിന്നീടുള്ള ചടങ്ങുകളാണ് പന്തലിൽ പൊന്നുവയ്ക്കൽ,പന്തലിൽ കളിമാറൽ, കഴകം കയറൽ, മറുത്തുകളി, പൂരംകുളി എന്നിവ. മറുത്തുകളിക്ക് അഭിവാദനം,താംബൂലദാനം, രംഗപ്രവേശം, ദീപാരാധന, പലതരം വന്ദനകൾ, രണ്ടാംതരം വന്ദന, പൂരമാലകൾ വൻകളികൾ, നാടകം, യോഗി, കളിതൊഴൽ എന്നിങ്ങനെയാണ് ചടങ്ങുകൾ.

വായ്ത്താരി

പൂരക്കളിയിൽ പാട്ടിനിടയിൽ ചുവട് അടുക്കാറാവുമ്പോൾ ഓരോ തരത്തിലുള്ള താളങ്ങൾ പറയുന്നു. ഈ താളങ്ങളെല്ലാം നാടൻ മട്ടിലുള വായ്ത്താരികളാണ്. ഒരാൾ ആദ്യ൦ തുടങ്ങി എല്ലാവരും ഒന്നിച്ചു ചേർന്നു പറയുമ്പോൾ കിട്ടുന്ന നാട്ടുവഴക്കത്താളങ്ങൾ തനിയെ ഒരു ക്രമീകരണം വന്നുചേരുകയാണ് പതിവ്. ചുവടു മാറ്റത്തിനു വേണ്ടി ഈ വായ്ത്താരികൾ വ്യത്യസ്ത രീതിയിൽ ഉറക്കെപ്പറയുന്നു. ഓരോ കളിക്കും വ്യത്യസ്തമായ രീതിയിലുള്ള വായ്ത്താരികളാണ് ഉള്ളത്. കാളി അവസാനിപ്പിക്കുന്നതിനുള്ള വായ്ത്താരികളും വ്യത്യസ്തങ്ങളാണ്. ഇതാണ് പൂരകളിയെ താളനിബദ്ധമാക്കുന്നത്. അതുകൊണ്ട് ഇതിനെ താളം എന്നുപറഞ്ഞുവരുന്നു.

വ്യാപ്തി

പണ്ടുകാലത്ത് വടക്ക് ചന്ദ്രഗിരിപ്പുഴ മുതൽ തെക്ക് വടകര വരെയുള്ള സ്ഥലങ്ങളിൽ പൂരക്കളിയുണ്ടായിരുന്നു. 1986ൽ തലശ്ശേരിയിൽ നിന്നും ഒരു ടീം വന്നു കരിവെള്ളൂരിൽ വെച്ച് പൂരക്കളി കളിക്കുകയുണ്ടായി. കണ്ണൂരും പരിസരപ്രദേശങ്ങളിലുമൊക്കെ മറുത്തു കളിയും നടത്താറുണ്ട്. തളിക്കാവ്, കൊറ്റാളിക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ.